Saturday, March 05, 2011

അവള്‍......നീലക്കുറിഞ്ഞി ...!!

ഓം ജയ് ജഗദീശ ഹരേ
സ്വാമി ജയ് ജഗദീശ ഹരേ....
ഭക്ത ജനോം കി സങ്കട്
ക്ഷണ് മേം ദൂര്‍ കരേം.....
ചേതാവനി ഗ്രാമം ഉണരുകയാണ്. ക്ഷേത്രത്തില്‍ നിന്നും ഉയരുന്ന ഭക്തിസാന്ദ്രമായ സംഗീതം ദിവസത്തെ ചൈതന്യവത്താക്കുന്നു. ..അനാമിക പതിവുജോലികള്‍ക്കായുള്ള തയ്യാറെടുപ്പില്‍ കിടക്ക വിട്ട് എണീറ്റു.ജെറിയും മോളും നല്ല ഉറക്കമാണ്. പുതപ്പൊക്കെ അവള്‍ തട്ടിയെറിഞ്ഞിരിക്കുന്നു.രണ്ടുവയസുകാരിയുടെ ശക്തിപരീക്ഷണം...അനാമിക അവളെ നന്നായി പുതപ്പിച്ച ശേഷം ബാല്‍ക്കണിയിലേക്ക് നടന്നു. അവിടെ നിന്നാല്‍ തങ്ങള്‍ ഉള്‍പ്പെടുന്ന  QUARTERS - കളും സമീപത്തുള്ള ഗ്രാമത്തിന്റെ മുക്കാല്‍ ഭാഗവും നന്നായി കാണാം. പുതിയ പ്രഭാതത്തിന്റെ ആരംഭത്തോടൊപ്പം തൊട്ടടുത്ത മന്ദിറില്‍ നിന്നുയരുന്ന ശംഖധ്വനികളും കീര്‍ത്തനങ്ങളും അവിടേക്കുള്ള ഭക്തജനപ്രവാഹവും പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരവും അലഞ്ഞു തിരിയുന്ന കന്നുകാലികളും ഒക്കെ ചേതാവനിയുടെ പതിവ് കാഴ്ചകള്‍......
"നമസ്തേ ഭാഭീ......" അപ്പുറത്തെ ബാല്‍ക്കണിയില്‍നിന്ന് നിരന്ജനയാണ് . പുഞ്ചിരിയോടെ അവളോടും നമസ്തേ പറഞ്ഞു. ബാല്‍ക്കണിയില്‍ നിരത്തി വച്ചിരിക്കുന്ന പൂച്ചെടികള്‍ക്ക് വെള്ളം പകരുന്ന അവളുടെ സാരിയുടെ വശത്ത് കൂടി ഉന്തിയ വയറിന്റെ വെണ്പാളി കാണാം. അതില്‍ ഒരു ജീവന്‍ തുടിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലധികമായി നിരഞ്ജനയെ കാണാന്‍ തുടങ്ങിയിട്ട്. കവിഭാവനയിലെന്ന പോലെ സുന്ദരി..... മുന്‍പ് കാണുമ്പോഴൊക്കെ ആ കണ്ണുകളില്‍ മന്ദീഭവിച്ചു കിടന്ന ദുഖഭാവം അവളുടെ സൌന്ദര്യത്തെ കുറച്ചുകാട്ടിയിരുന്നോ.......?. ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ കഴിയാത്ത അവള്‍ കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന ആ വീട്ടില്‍ ഒരു ദുശകുനമായപ്പോഴാണ് കൂടുതല്‍ ദുഖിതയായത്..... ആശ്വാസം തേടി തന്‍റടുത്തെത്തുമ്പോഴൊക്കെ സ്വന്തമെന്നതിലും ഉപരിയായ മറ്റെന്തോ ബന്ധമവളോടുണ്ടെന്ന് മനസ് പറഞ്ഞിരുന്നു.. ജുഹാനയെ  കൊഞ്ചിക്കുമ്പോ ഴൊക്കെയും അത്ഭുതമാണ് തോന്നിയിട്ടുള്ളത്. സ്വന്തം കുഞ്ഞായിട്ടും ഇത്രയും സ്നേഹം പ്രകടിപ്പിക്കാന്‍ പലപ്പോഴും തനിക്കുപോലും കഴിയാറില്ല.
.മുഝെ ലഡ്കീ നഹി ചാഹിയെ ഭാഭീ....
ലട്കി ഏക് ദിന്‍ ഹംകോ ഛൊട്കെ ചലി ജായെഗി....
ലട്കാ ഹോ തോ ഹമേശാ ഹമാരെ സാഥ് ഹോംഗേ....
ഏക് ലട്കി കോ വോ ലേകെ ഭി ആയെന്ഗെ.....ഹേ ന..?
ആദ്യമായി ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അവള്‍ ഓടി വന്നു പറഞ്ഞതിതാണ്. ..ആണ്‍കുട്ടി വേണമെന്ന്... ആണ്കുട്ടിയാണെങ്കില്‍
ഒരു പെണ്‍കുട്ടിയെ അവന്‍ കൊണ്ടുതരുമല്ലോ എന്ന്. അപ്പോള്‍ മോനും മോളും ആയി.... ആ സന്തോഷത്തില്‍ അവളുടെ സൌന്ദര്യം ഇരട്ടിച്ചിരുന്നോ...?

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗര്‍ഭിണി ആയതിനാല്‍ ജെറി അവളെ "നീലക്കുറിഞ്ഞി" .... എന്ന് വിളിച്ചു. പൂത്തുലഞ്ഞ ചെടികള്‍ക്കിടയില്‍ വേറൊരു പൂവാണോ അവളെന്ന് സംശയിച്ചു പോകുന്നു......ചിന്തകള്‍ കടിഞ്ഞാണില്ലാതെ പോകുമ്പോഴാണ് രാഹുല്‍ നിരഞ്ജനയുടെ അടുത്തേക്ക് വരുന്നത് കണ്ടത്. ആ ഗ്രാമത്തില്‍ തന്നെ ഇലക്ട്രോണിക് ഷോപ്പ്നടത്തുന്ന രാഹുല്‍ ജെറിക്കും നല്ലൊരു സുഹൃത്ത്‌ എന്നതിലുപരി സഹോദരന്‍ കൂടിയാണ് . ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്തോ കളി പറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ അനാമിക മെല്ലെ അകത്തേക്ക് നടന്നു.. പിന്നെ വേഗം പ്രഭാതഭക്ഷണം തയ്യാറാക്കി ജെറിയെ ഓഫീസില്‍ വിടാനുള്ള തിരക്കായിരുന്നു. ജുഹാന ഉറക്കം വിട്ടിട്ടില്ല. ഉറങ്ങട്ടെ. അതിനിടയില്‍ കുറെ പണികള്‍ തീര്‍ക്കണം. വീട്ടുജോലികള്‍ ഓരോന്നിലേക്കുമായി ചിന്തകളെ തിരിച്ചു വിട്ടു.
പുറത്തു എന്തോ ബഹളം. ...അനാമിക കര്‍ട്ടന്‍ വകഞ്ഞ് പുറത്തേക്കു നോക്കി. ഓ....ഹിജഡകളാണ്. അപ്പുറത്തെ ശര്‍മ്മയ്ക്ക് ആണ്കുട്ടിയുണ്ടായിരിക്കുന്നു. പാട്ടും ഡാന്‍സും കണ്ടപ്പോള്‍ അനാമിക ജോലിയൊക്കെ മറന്നു ബാല്‍ക്കണിയിലെത്തി. ഇനി കുട്ടിയെ എടുത്തു അനുഗ്രഹിച്ചു, പട്ടും പണവും വാങ്ങിയേ അവര്‍ തിരിച്ചു പോകൂ. അവര്‍ അനുഗ്രഹിച്ചാല്‍ ഐശ്വര്യമാണത്രേ....എന്തെല്ലാം അന്ധവിശ്വാസങ്ങള്‍...!!

അപ്പുറത്തെ ബാല്‍ക്കണിയില്‍ ‍ആഹ്ലാദം നിറഞ്ഞ മുഖത്തോടെ നിരഞ്ജനയുമുണ്ട്. ....
ദേഖോ ഭാഭീ ഉന്‍ ലോഗ് കിതനാ ഖുശ് ഹേ.....ആപ് ദേഖ് ലീജിയേഗാ...
ഏക് ദിന്‍ ഇന്‍ ലോഗ് ഹമാര ഘര്‍ പേ ഭി ആയെന്ഗെ".
ഹം അഭിസെ ഇന്‍ ലോഗോം കേലിയെ ബഹുത് കുച്ച് ഖരീദ്കെ രഖാ ഹേ.. " ( ചേച്ചീ അവര്‍ക്ക് എത്ര സന്തോഷമുണ്ടെന്ന് നോക്കൂ, ഒരു ദിവസം ഈ ഹിജടകള്‍ ഞങ്ങളുടെ വീട്ടിലും വരും. അവര്‍ക്കായി ഞങ്ങള്‍ ഒരുപാട് സമ്മാനങ്ങള്‍ ഇപ്പോഴേ വാങ്ങി വച്ചിട്ടുണ്ട്). അനാമിക അവളുടെ സന്തോഷം കണ്ടു അത്ഭുതം കൂറി നിന്നു.
മാസങ്ങള്‍ കടന്നു...
രാവിലെ കോളിങ്ങ്ബെല്‍ ശബ്ദിക്കുന്നത്‌ കേട്ട് അനാമിക വാതില്‍ തുറന്നപ്പോള്‍ കയ്യില്‍ ഒരു ബോക്സ് ലഡ്ഡുവുമായി രാഹുലാണ്.
ഭാഭീ......ഹംകോ ലട്കാ ഹുവാ....
ലഡ്ഡുബോക്സ് നീട്ടിക്കൊണ്ട് രാഹുല്‍ പറഞ്ഞു.
ഒരു ആണ്‍കുട്ടി വേണമെന്ന നിരഞ്ജനയുടെ പ്രാര്‍ത്ഥന ഫലിച്ചതില്‍ സന്തോഷം തോന്നി....
ഉന്‍ ദോനോം ടിക്ക് ഹേ....
ഹോസ്പിറ്റല്‍ മേം ലേകെ നഹി ഗയാ.....
ദായി ഘര്‍ പര്‍ ആയാ ധാ......
( അവര്‍ രണ്ടുപേര്‍ക്കും സുഖം തന്നെ. ഹോസ്പിറ്റലില്‍ കൊണ്ടുപോയില്ല,
പതിച്ചി വീട്ടില്‍ വന്നിരുന്നു. ( പതിച്ചി- പ്രസവമെടുക്കുന്ന സ്ത്രീ ) ).
"ദായിയോ.....?" ഇക്കാലത്തും ആശുപത്രിയില്‍ കൊണ്ടുപോകാത്തവരോ...?
ഈ ഗ്രാമീണര്‍ ഇങ്ങനെയായിപോയല്ലോ.... ഇപ്പോഴും കുറെ അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും മുന്‍നിറുത്തി ജീവിക്കുന്നവര്‍. ഇവിടുത്തെ ആശുപത്രികളും വിശേഷപ്പെട്ടത് തന്നെ. ക്രിട്ടിക്കല്‍ സ്റ്റേജിലാണ് പേഷ്യന്റെകില്‍ സാധാരണ രക്ഷപെടാറില്ല. ഗ്രാമത്തിനു പുറത്തുള്ള ആശുപത്രിയിലാണ് അങ്ങനെയുള്ള അവസരത്തില്‍ രോഗികളെ കൊണ്ടുപോകാറ്‌.അവിടെക്കാണെങ്കില്‍ നല്ല ദൂരവും..... പാവം നിരഞ്ജന......അവളെ ദൈവം ആപത്തൊന്നും കൂടാതെ രക്ഷിച്ചല്ലോ. ആശ്വാസം. .....അനാമിക നെടുവീര്‍പ്പിട്ടു.

നിരഞ്ജനയുടെ കുട്ടിയെ ഒന്ന് കാണണമെന്നുണ്ട്. പക്ഷെ അവര്‍ ഉടനെ കാണിക്കില്ലത്രേ. ...അവള്‍ പ്രസവിച്ചുവെന്നറിഞ്ഞതു മുതല്‍ അനാമികയുടെ കണ്ണുകള്‍ ആ പരിസരത്ത് തന്നെ ചുറ്റി നടന്നു. ആരെങ്കിലും കുട്ടിയെ പുറത്തേക്കു കൊണ്ടുവരുന്നുണ്ടോ..?അവന്റെ മുഖം എങ്ങനെയാവും... വെളുത്തിട്ടോ അതോ....? ആരെപോലെയാവും നിരന്ജനയെപോലെയോ അതോ രാഹുലിനെ പോലെയോ...? ഇങ്ങനെ നൂറു സംശയങ്ങള്‍ക്കിടെയാണ്...
ഒരു ദിവസം.....വെയില്‍ കൊള്ളിക്കാനാവണം നിരഞ്ജന കുട്ടിയെയും കൊണ്ട് ബാല്‍ക്കണിയിലെത്തിയത്. അനാമിക കൌതുകത്തോടെ കുഞ്ഞിനെ നോക്കി. അകലെയായതിനാല്‍ ശരിക്കൊന്നും കാണില്ല... എന്നാലും മനസിലായി, നിരഞ്ജനയെ പോലെ വെളുത്തു തുടുത്ത ഒരു സുന്ദരകുട്ടന്‍..
നാളുകള്‍ കടന്നു....പതിവുപോലെ ചേതാവനി ഗ്രാമം അതിന്റെ എല്ലാ നിറവോടും കൂടി ഉണര്‍ന്നു....പുറത്തു കച്ചവടക്കാരുടെയും, വാഹനങ്ങളുടെയും ശബ്ദം മുറിയാതെയുണ്ട്. പതിവില്ലാതെ ഉച്ചത്തിലുള്ള പാട്ടും കൊട്ടും കേട്ട് അനാമിക പുറത്തേക്കു നോക്കി . നിരഞ്ജനയുടെ വീട്ടിലാണ്.
ഹിജഡകള്‍ വന്നിരിക്കുന്നു.......!!!ഒരു ദിവസം അവര്‍ ഇവിടെയും വരുമെന്ന് പണ്ട് നിരഞ്ജന പറഞ്ഞതോര്‍ത്തു.. ചായം തേച്ച ചുണ്ടുകളും, വലിയ പൊട്ടും, വളകളും, ചിത്രപ്പണികള്‍ ചെയ്ത സാരിയും, ഒക്കെ ധരിച്ചു സ്ത്രീ വേഷവും പുരുഷ ശബ്ദവുമുള്ള മനുഷ്യ ജന്മങ്ങള്‍.....!! സമൂഹത്തിനു അകത്തും പുറത്തുമല്ലാത്ത പീഡിത വര്‍ഗ്ഗം.....!!!അവരുടെ ആട്ടവും പാട്ടും ഒക്കെ കണ്ട്‌ കുറെ നേരം കൂടി അവിടെതന്നെ നിന്ന അനാമിക മോളുണര്‍ന്നു കരഞ്ഞപ്പോഴാണ് സ്വന്തം തിരക്കുകളെ പറ്റി ബോധവതിയായത്.
മണിക്കൂറുകള്‍ക്കു ശേഷം പുറത്തേക്കു കണ്ണോടിച്ചപ്പോള്‍ അന്തരീക്ഷം ശാന്തം.
കൊട്ടും പാട്ടുമൊക്കെ എപ്പോഴോ നിലച്ചിരുന്നു
വല്ലാത്തൊരു നിശ്ശബ്ദത അവിടമാകെ പടര്‍ന്നിരിക്കുന്നു....
നിരഞ്ജനയുടെ വീട്ടില്‍ ആരെയും കണ്ടില്ല.
ഇന്നെന്തായാലും പോയി നിരഞ്ജനയുടെ കുഞ്ഞിനു എന്തെങ്കിലും സമ്മാനം വാങ്ങണം. ജെറി നേരത്തെ വരാമെന്നു പറഞ്ഞാണ് പോയിരിക്കുന്നത്.
വൈകുന്നേരം ഒരുങ്ങാന്‍ തിടുക്കമായിരുന്നു. ജെറി വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പുറത്തേക്കെത്തിനോക്കി.....

കോളിംഗ്ബെല്ലടിച്ചപ്പോള്‍ ഓടിച്ചെന്നാണ് വാതില്‍ തുറന്നത്. ജെറി എത്തിയിരിക്കുന്നു. പക്ഷെ മുഖത്ത് പതിവു പ്രസാദമില്ല. കണ്ണുകള്‍ക്ക്‌ വല്ലാത്തൊരു ചുവപ്പ്. .....
എന്ത് പറ്റി ജെറി...? അസുഖമെന്തെങ്കിലും......?അനാമിക നേരിയൊരു ഉള്ഭയത്തോടെ ചോദിച്ചു...
അനാമികയോട് എന്തുപറയേണ്ടൂ എന്നറിയാതെ ജെറി കുഴങ്ങി...
പതറിയ ശബ്ദത്തില്‍ വീണ വാക്കുകളോരോന്നായി അനാമിക അടുക്കിച്ചേര്‍ത്തു... "രാഹുലിന്റെ ഷോപ്പില്‍ ആരെയും കാണാഞ്ഞാണ് അവനെവിടെയെന്നു ശര്മ്മാജിയോടു ചോദിച്ചത്.....അദ്ദേഹം പറഞ്ഞത്......നമ്മുടെ നിരഞ്ജനയുടെ....... തുടരാനാവാതെ ജെറി നിറുത്തി...
പറയൂ ... എന്തുപറ്റി നിരഞ്ജനയ്ക്ക്...? അനാമികയുടെ ആകാംഷ കരച്ചിലായി മാറിയിരുന്നു...
നിരഞ്ജനയുടെ കുട്ടിയെ ഹിജഡകള്‍ കൊണ്ട് പോയി.... ആ കുട്ടി ഹിജഡയായിരുന്നു...!!!!
അത് പറയുമ്പോള്‍ ജെറിയുടെ ശബ്ദത്തില്‍ അമര്‍ത്തിപ്പിടിച്ച ദുഖമോ, അമര്‍ഷമോ, നിസ്സഹായതയോ ഒക്കെ നിഴലിട്ടിരുന്നു...
അനാമിക ഉറഞ്ഞു പോയ മഞ്ഞു കണക്കെ നിശ്ചലം നിന്നു.....
ഹിജഡകള്‍ക്ക് സമ്മാനം നല്‍കാന്‍ കാത്തിരുന്ന പെണ്‍കുട്ടി.....!!!
അന്ധവിശ്വാസത്തിന്റെ ഉലയില്‍ എരിഞ്ഞടങ്ങുന്ന മറ്റൊരു സ്ത്രീജന്മം കൂടി........ചുരത്താതെ വിങ്ങുന്ന മുലപ്പാലിന്റെ വേദന ചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുന്നു.......ഇതിനെന്നെന്കിലും അറുതിയുണ്ടാവുമോ......?

കുറിപ്പ്: നോര്‍ത്ത് ഇന്ത്യയില്‍ ഇന്നും ഇത്തരത്തിലുള്ള അനാചാരങ്ങള്‍ നിലനില്‍ക്കുന്നു. അവിടെ ഏതെങ്കിലും വീട്ടില്‍ കുഞ്ഞു ജനിച്ചാല്‍ (പ്രത്യേകിച്ചും ആണ്‍കുട്ടി ) ഹിജഡകള്‍ അവിടെയെത്തി നൃത്തവും പാട്ടും മറ്റും നടത്തുകയും, കുഞ്ഞിനെ കൈകളില്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കുന്നതോടൊപ്പം അതിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയും ചെയ്യുന്നു. കുട്ടി ഒരു ഹിജഡയായാണോ (ഹെര്‍മഫ്രോടൈറ്റ്) പിറവിയെടുത്തിരിക്കുന്നതെന്നറിയാനാണത്രേ അങ്ങനെ ചെയ്യുന്നത്. അങ്ങനെയാനെന്കില്‍ ആ കുട്ടിയെ അവര്‍ക്ക് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ കുട്ടിയെ കൈമാറിയ നിരവധി സംഭവങ്ങള്‍ വടക്കേ ഇന്ത്യക്കാര്‍ക്കിടയിലുണ്ട്.       

1 comments:

Anonymous said...

Great blog! Do you have any tips and hints for aspiring writers?
I'm hoping to start my own website soon but I'm a little
lost on everything. Would you recommend starting with a free platform like Wordpress or go for a paid option? There are so many options
out there that I'm totally overwhelmed .. Any recommendations?
Bless you!

Stop by my blog post trainerthis ipod doubles

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.