Monday, April 04, 2011

ഭൂതകാലത്തിലൂടെ.....

നിങ്ങളില്‍ ആരും ഇങ്ങനെയൊന്നും ആവാതിരിക്കട്ടെ......
വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ convent ഹോസ്റ്റലില്‍ ഞാന്‍ എത്തുമ്പോള്‍ ആകെ ഒരപരിചിതത്വം എന്നില്‍ നിറഞ്ഞിരുന്നു.
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നൈര്‍മ്മല്യതോടെയുമാണ് ഞാന്‍ ആ മഹാനഗരത്തില്‍ എത്തിയത്. വസ്ത്രധാരണരീതി, ഭാഷ, സംസ്കാരം, എല്ലാം വ്യത്യസ്തത നിറഞ്ഞത്‌. ഭാഗ്യം. ആ ഹോസ്റ്റല്‍ എന്തായാലും മലയാളികളായ കന്യാസ്ത്രീകള്‍ നടത്തുന്നതും മലയാളി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്നതുമായിരുന്നു.....
അവിടെ എല്ലാവരും ആ നാടുമായി എന്നെക്കാളും പരിചയമുള്ളവര്‍.
അവര്‍ ഓരോരുത്തരും ഞാന്‍ എന്നാ പുതിയ കുട്ടിയെ ശ്രദ്ധിച്ചും, ശ്രദ്ധിക്കാതെയും കടന്നുപോയി.
എനിക്കൊരു മുറി കിട്ടി. എന്‍റെ കൂടെ വേറൊരു പെണ്‍കുട്ടി കൂടി മാത്രം.ചെറിയ മുറിയായതിനാല്‍ ഒരു അലമാര മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഇരുവരും പങ്കിട്ടെടുക്കണമെന്നതിനാല്‍ അവള്‍ അതിന്റെ ഏറ്റവും താഴെയുള്ള തട്ട് എനിക്കായി ഒഴിച്ചിട്ടു.
തറയോടു ചേര്‍ന്ന് കിടക്കുന്നത് കൊണ്ട് പൊടി നിറയാന്‍ എളുപ്പമുള്ള സ്ഥലം. അവളുടെ ആ "വിശാല മനസ്" കണ്ടു ഞാന്‍ ഉള്ളില്‍ ചിരിച്ചു.
സൈഡില്‍ ഉണ്ടായിരുന്ന ചെറിയ തട്ടില്‍ ഞാന്‍ എന്‍റെ ബുക്സ്, ചെറിയൊരു മേക്കപ്പ്‌ ബോക്സ് എന്നിവ അടുക്കി. അതിന്റടുത്തു എന്‍റെ ചെറിയ പെട്ടിയും. ബെഡ്-ന്റെ കോണിലും ആ പെട്ടിയുടെ മുകളിലുമായി എന്‍റെ അത്യാവശ്യ വസ്ത്രങ്ങള്‍ എടുത്തുവച്ചു ബാക്കി എന്‍റെ ബാഗില്‍ തന്നെ ഒതുക്കി. അവളുടെ സ്ഥലം തിരികെ കിട്ടിയതിനാല്‍ അവളും ഏറെ സന്തോഷിച്ചു. അവള്‍ എന്നെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി കൂട്ടി. അവളുടെ കുസൃതി നിറഞ്ഞ സംസാരരീതിയും മണ്ടത്തരങ്ങളും ഒക്കെ എനിക്കിഷ്ടമായിരുന്നു. പക്ഷെ അവള്‍ വളരെ സ്വാര്‍ത്ഥയാണെന്ന് ഒരുപാട് കാര്യങ്ങളിലൂടെ ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു....
അങ്ങനെയിരിക്കെ ഒരുദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോ അവള്‍ എന്നോട് ചോദിച്ചു, നമ്മെ പഠിപ്പിക്കുന്ന അധ്യാപകനെ പ്രേമിക്കുന്നതിനെ പറ്റി എന്താ തന്റെ അഭിപ്രായം..... ? ഞാന്‍ ഞെട്ടി. എന്തൊരു ചോദ്യം !!!
എനിക്കിഷ്ടമില്ലാത്തതും എന്‍റെ മനസ് അന്ഗീകരിക്കാത്തതുമായ ഒരു പ്രേമബന്ധം, മറ്റാരോക്കെയായാലും ഒരു കാമുകന്റെ സ്ഥാനത്ത് നമ്മുടെ തന്നെ ഗുരുവിനെ സ്ഥാപിക്കുന്ന പെണ്‍കുട്ടികളോട് എനിക്ക് യോജിക്കാനും ആവില്ല. ഞാന്‍ പതറാതെ മറുപടി നല്‍കി. അവള്‍ വേഗം നിശബ്ദയായി.
പതിയെ അവള്‍ എന്നില്‍ നിന്നകന്നു. അങ്ങനെയിരിക്കെ അവള്‍ ഒരു ബന്ധുവീട്ടിലേക്ക് പോയി. ഹോസ്റ്റലില്‍ cleaning duty ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളാണ് ചെയ്യുന്നത്. അന്ന് മുറി തൂത്തുവാരിയ കുട്ടി ഒരു കടലാസ് എന്‍റെ കയ്യില്‍ കൊണ്ടുതന്നു. ഞാന്‍ അത് വാങ്ങി നോക്കി.
ആത്മാര്‍ഥമായ ഒരു പ്രണയലേഖനം. കൌതുകം പൂണ്ട ഞാന്‍ അതിന്റെ ബാക്കിപത്രം പരതി. തലയിണയുടെ അടിയില്‍ നിന്നും registered ആയി വന്ന ഒരു കവര്‍ കിട്ടി. അതെ ഇതവള്‍ക്ക് വന്നതാണ്. ഫ്രം അഡ്രസ്സ് ഒരു സ്കൂളിന്റെതായിരുന്നു. അതായത് അവളുടെതായിരുന്ന ഒരു അധ്യാപകന്റെ പ്രനയിനിയാണ് എന്‍റെ സുഹൃത്ത്‌.
കാലം കടന്നു. അവള്‍ എന്നില്‍ നിന്നൊരുപാടകന്നു. പുതിയ കൂട്ടുകാര്‍, പുതിയ ഫാഷന്‍ പരീക്ഷണങ്ങള്‍, അങ്ങനെയങ്ങനെ....അവളുടെ കയ്യില്‍ കവിയുന്ന പണത്തിന്റെ കൊഴുപ്പ്‌ ഞാന്‍ കണ്ടു. ചേച്ചി അമേരിക്കയില്‍ നിന്നും ഡോളെര്സ് അയച്ചു കൊടുക്കുന്നുണ്ടത്രേ...അവളുടെ പേരില്‍ സംശയം പൂണ്ട ചില സുഹൃത്തുക്കള്‍ പലരും അവളെ ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ വളരെ തന്മയത്വമായി എല്ലാ പഴുതും അവള്‍ അടച്ചു.നല്ല സ്മാര്‍ട്ട് ഗേള്‍ എന്നാ ഇമേജും അവള്‍ സ്വന്തമാക്കി. പഴയ അധ്യാപകന്റെ പ്രണയാതുരമായ കത്തുകളും ഗിഫ്റ്റുകളും തുരു തുരാ വരുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെ അവള്‍ എന്നോട് പറഞ്ഞു, എനിക്ക് പുതിയൊരു പ്രൊപോസല്‍ വന്നു. Engineer ആണ്. ഞാനും പയ്യനെ കണ്ടു. കൊള്ളാം. സ്മാര്‍ട്ട്. കുറച്ചുകാലം കൂടി അവളെ സന്തോഷവതിയായി കാണപ്പെട്ടു. ഇതിനിടെ ചില സര്ട്ടിഫിക്കെട്ടുകള്‍ക്കെന്നും പറഞ്ഞു അവള്‍ ചില യാത്രകളും പോയി. ഒരു ദിവസം ദുഖിതയായി അവള്‍ കയറി വന്നു. എന്ത് പറ്റി ? ഞാന്‍ ചോദിച്ചു. ആ റിലേഷന്‍ അവസാനിച്ചു. എനിക്കൊന്നും മനസിലായില്ല. ഞാന്‍ കൂടുതലൊന്നും ചോദിച്ചുമില്ല. കാരണം സത്യസന്ധമായ ഒരു മറുപടി എനിക്ക് പ്രതീക്ഷിക്കാനില്ലായിരുന്നു. അവള്‍ പഴയ ഉത്സാഹം വീണ്ടെടുത്തു...
മിക്കപ്പോഴും ഒരാള്‍ അവളെ കാറില്‍ കൊണ്ടുവിട്ടിരുന്നു. ആരാ അത്..? ഞാന്‍ ചോദിച്ചു. ഓ അതോ... എന്‍റെ കൂട്ടുകാരിയുടെ ഹസ്ബന്റ് ആണ്.
ഞാന്‍ അത് വിശ്വസിച്ചു. അവളെക്കാളും നല്ല പ്രായക്കൂടുതല്‍, തീരെ സ്മാര്‍ട്ട് -ഉം അല്ല. അങ്ങനെയൊരാളെ അവള്‍ സെലക്റ്റ് ചെയ്യില്ല എന്നെനിക്കറിയാമായിരുന്നു. കാലം വീണ്ടും കടന്നു. അവള്‍ ഹോസ്റ്റലില്‍ നിന്നും മാറി. അങ്ങനെയിരിക്കെ ഒരിക്കല്‍ അവള്‍ എന്നെ കാണാന്‍ വന്നു. മുഖമൊക്കെ കരുവാളിച്ചു, സൌന്ദര്യമെല്ലാം ചോര്‍ന്നു വാടിയ ചേമ്പിന്‍ തണ്ട് പോലെ...ഞാന്‍ ചോദിച്ചു...എന്ത് പറ്റി ? ഹേയ് ഒന്നുമില്ല. ഞാന്‍ നാട്ടില്‍ പോവുകയാണ്. അടുത്ത മാസം അമേരിക്കയിലേക്കും.
എനിക്കെന്തോ പന്തികേട്‌ തോന്നി. എന്നിട്ടും ഞാന്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി. കുറച്ചു നാള്‍ കഴിഞ്ഞു എന്‍റെ ഓഫീസില്‍ എന്നെ കാണാന്‍ ഒരാളെത്തി. അവളെ കാറില്‍ കൊണ്ടുവിടാരുണ്ടായിരുന്ന ഹിന്ദിക്കാരന്‍. അയാള്‍ വളരെ രോഷാകുലനായി കാണപ്പെട്ടു. "എന്താ കാര്യം.."? ഞാന്‍ ചോദിച്ചു.
അയാള്‍: അവള്‍ എവിടെ ?
ഞാന്‍: അവള്‍ നാട്ടില്‍ പോയി. അടുത്ത മാസം അമേരിക്കയിലേക്ക്‌ പോകും എന്നാണ് പറഞ്ഞത്.
അയാള്‍: ഇല്ല. ഞാനിത് വിശ്വസിക്കില്ല. സത്യം പറയൂ. തന്നോടു പറയാതെ അവള്‍ പോകില്ല. തന്നെ അവള്‍ അത്രക്കിഷ്ടപ്പെട്ടിരുന്നു.
അതെനിക്കൊരു പുതിയ അറിവായിരുന്നു. എന്നിട്ടും എനിക്ക് ദേഷ്യം വന്നു. നിങ്ങളാരാണ്‌ എന്നെ ചോദ്യം ചെയ്യാന്‍...? അവളെപറ്റി അന്വേഷിക്കാന്‍ നിങ്ങള്‍ക്കെന്താണ് അധികാരം ? അയാളുടെ മുഖം ദയനീയമായി. സ്വരം ഇടറി ....അവള്‍ എന്‍റെ ഭാര്യ ആയിരുന്നു....ഞാന്‍ അസ്തപ്രജ്ഞയായി നിന്നു . അന്ന് ഞാന്‍ ഉറങ്ങിയില്ല. പിറ്റേന്ന് അയാള്‍ വീണ്ടും വന്നു. കുറെ ഫോട്ടോസുമായി. അവരുടെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍.

അയാളുടെ ആദ്യ ഭാര്യ മരിച്ചു പോയതായിരുന്നു. ഒരു കുട്ടിയുണ്ട്. ഒരു " beauty parlour-l "ജോലി ചെയ്തിരുന്ന ( massaging centre എന്നാണ് അയാള്‍ പറഞ്ഞത് ) എന്‍റെ സുഹൃത്തിനെ അയാള്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു, ഓഫീസില്‍ ജോലി വാങ്ങി കൊടുത്തു.അവളുടെ പേരില്‍ ഫ്ലാറ്റ് വാങ്ങി
പക്ഷെ ഒരു ദിവസം അവള്‍ ചെയ്തത് അയാളുടെ കാറില്‍ നിന്നിറങ്ങി മേല്‍പറഞ്ഞ engineer -e കാണാന്‍ പോവുകയായിരുന്നു. അത് കണ്ടുപിടിച്ച ഇയാള്‍ അയാളെ അടിച്ചു. അങ്ങനെയാണത്രേ ആ ബന്ധം തകര്‍ന്നത്. തുടര്‍ന്ന് ഈ ഹിന്ദിക്കാരനില്‍ നിന്നും ഗര്‍ഭം ധരിച്ച അവള്‍ രഹസ്യമായി അബോര്‍ഷനും നടത്തി. അതിന്റെ പേപ്പറും അയാളുടെ കൈവശം ഉണ്ടായിരുന്നു....

ഇതെല്ലാം ഒരു അബോധവസ്ഥയിലെന്നപോലെ ഞാന്‍ കേട്ടു.

കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് ഒരു കന്യാസ്ത്രീ എന്റടുത്തു ഒരു കത്ത് കൊണ്ടുതന്നു. കുറെനാള്‍ മുന്‍പ് തന്റെ room mate-നു വന്നതാണ് .
മര്യാദകളെ കുറിച്ചോര്‍ക്കാതെ ഞാനാ കത്ത് പൊട്ടിച്ചു. പഴയ അധ്യാപകന്റെ കത്ത്....
പ്രിയപ്പെട്ട ജൂലിയ....
താന്‍ പറഞ്ഞപോലെ ഒരു ഫ്ലാറ്റ് വാങ്ങാനുള്ള കരുതലിലായിരുന്നു ഞാന്‍. കഴിയുമെന്കില്‍ അവിടെ തന്നെ. അതിനായി മൂന്നു ലക്ഷം രൂപയും ഞാനുണ്ടാക്കി. അപ്പോഴാണ്‌ തന്റെ കത്ത് കിട്ടിയത്." ഇനി മുതല്‍ ഒരു സഹോദരിയുടെ സ്ഥാനത്ത് കാണണം" എന്നും പറഞ്ഞ്. ആ മൂന്നു ലക്ഷം രൂപ ഞാന്‍ അനാഥാലയതിനു കൊടുക്കുന്നു. താന്‍ പറ...എനിക്കിപ്പോഴും തന്നെ ഇഷ്ടമാണ്.... താനിക്ക് സമ്മതമാണെങ്കില്‍ ഞാന്‍ വീണ്ടും പൈസയുണ്ടാക്കാം. ഒന്നിച്ചു ജീവിക്കാം...ഇങ്ങനെ തുടരുന്നു ആ കത്ത്..... എല്ലാം കണ്ടും കെട്ടും ഞാന്‍ സ്തംഭിച്ചിരുന്നു...
വീണ്ടും നാലഞ്ചുവര്‍ഷങ്ങള്‍ കടന്നു പോയി...രണ്ടു മൂന്നു മാസം മുന്‍പ് ഞാന്‍ അവളെകുറിച്ചോര്‍ത്തു. പഴയ നമ്പരില്‍ വിളിച്ചപ്പോ അവര്‍ ഒരു മൊബൈല്‍ നമ്പര്‍ തന്നു. ഞാന്‍ വിളിച്ചു. ജൂലിയ, ഇത് ഞാനാണ്....എന്‍റെ ശബ്ദം അവള്‍ മനസിലാക്കി. അവള്‍ പറഞ്ഞു, എന്‍റെ കല്യാണം കഴിഞ്ഞു, ഇപ്പോള്‍ ബാഗ്ലൂരില്‍ ആണ്. കോട്ടയത്തുകാരന്‍ ആണ്. പേര് ............
ഒരു ഹാപ്പി ലൈഫ്-ന്റെ ശബ്ദമാണ് ഞാനാ കേട്ടത്...

ആ ഹിന്ദിക്കാരന്‍, ആ അദ്ധ്യാപകന്‍, ആ എഞ്ചിനീയര്‍ ഇവരൊക്കെ ഇപ്പോള്‍ എവിടെയാവാം....? എല്ലാറ്റിലുമുപരി ഒരാള്‍ കൂടി എന്‍റെ മനസിനെ നൊമ്പരപ്പെടുത്തി....ആ പാവം വന്ജിക്കപ്പെട്ട ഭര്‍ത്താവ്....!!!       

0 comments:

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.