Friday, April 22, 2011

കണ്ണുനീര്‍പൂവ്

മഴ തിമിര്‍ത്താടിയാ പുലരിയൊന്നില്‍......
അക്ഷരാങ്കണത്തിലെന് ചുവടൂന്നവേ
കലക്കണ്ടത്തുണ്ടൊരു പാതി നീട്ടി
അന്പിയന്നവളെന്റെ കൈ പിടിച്ചൂ...
കോര്‍ത്തുമുറുക്കിയാ വിരലുകളോരോന്നും
ചാലിട്ട കണ്ണീരിന്നറുതിയേകി....
കഥകളും കവിതയുമേറ്റു ചൊല്ലി
കാത്തൂ...കൊരുത്ത കൈ വേര്‍പെടാതെ.....
രംഗങ്ങളങ്ങനെ തിമിര്‍ത്താടി നമ്മള്‍
കൈവീശിയെന്നോ നിഴല്ചിത്രമായി...
              *                *                *
കണ്ണുകളെത്താത്ത സ്മൃതികള്‍ക്കുമപ്പുറം
കലക്കവെള്ളം തേവിയ വികലമാം കാഴ്ചകള്‍...
പൊട്ടിയ വിപന്ജികയായിന്നു നിറയുന്നു
സീമന്തസിന്ദൂരം മാഞ്ഞൊരാ വെണ്മുഖം
ഓര്‍മ്മയാം മലര്‍വാടിയിലെന്നും സുകൃതമായ്
വിലസിയോരലരിന്നു പുഴുവരിച്ചോ....?
നിനവിലെവിടെയോ വളകിലുക്കം....!!
ചിത്രപിംഗള നര്‍ത്തനാരവം.........!!
ചിതറിയലിയുന്ന പൊട്ടിച്ചിരി.....!!
കാക്കട്ടെയിവ്വിധമെപ്പോഴും നിന്നെ ഞാന്‍..
              *                    *                   *
ജനലഴിയ്ക്കപ്പുറമിളകുന്നു പ്രാവരം
നിരുപമ സൌഗന്ധമന്തികേയെത്തുന്നു.....
ദിവാസ്വപ്നമെന്നു നിനച്ചു പോയെന്കിലും
വെമ്പിയെന്‍ പൂമുഖം തുറക്കുവാനോടി
മഴയിരമ്പുന്നോരിരവിന്നു മദ്ധ്യേ.....
ഉരുകുന്നവളതാ നീഹാരബിന്ദുവായ്‌.......
വര്‍ഷപാതത്തെ മുറിച്ചടുത്തെത്തുവാന്‍...
നെഞ്ചകം തുടിച്ചൊരാ കണ്ണുനീരൊപ്പുവാന്‍
പുറത്തു വീണ്ടുമാര്‍ക്കുന്ന മഴ.....
മഴയുമിരുളും കനക്കുന്ന വീഥിയില്‍
നീര്‍ത്തിയെന്‍ കൈത്തലം കനിവോടെ താഴ്ത്തി....
തിരിഞ്ഞൊന്നു നോക്കാതെ നീയൊഴുകി.....
പറയുവാനപ്പോഴും മറന്നില്ല നീ....
കണ്ണുനീരല്ലിത്..........മഴച്ചാലുകള്‍.... ...!

( അകാലത്തില്‍ വിധവയായിപ്പോയ എന്റെ കൂട്ടുകാരിക്ക് ഒരുപിടി സ്നേഹപൂവുകള്‍......അതിന്റെ നൊമ്പരമായി ഈ കവിതയും....)

0 comments:

Post a Comment

 
Copyright (c) 2010 Laurus Cassia and Powered by Justin James.