Thursday, January 06, 2011

വാച്ചറ് ബ്ലോഗറായപ്പോള്‍.......

ഒരുപാട് സ്വപ്നങ്ങളുമായാണ് മധു തന്റെ അകന്ന ബന്ധുവിനൊപ്പം
ഗള്‍ഫിലെത്തുന്നത്‌. "അറബിയോട് സംസാരിച്ചിട്ടുണ്ട്, എന്തായാലും കട്ടിപ്പണിയൊന്നുമാവില്ല" എന്നാ ഉറപ്പിലാണ് പോരാന്‍ തയ്യാറായതും.
വന്ന ഒരുമാസം അങ്ങേരുടെ കൂടെ ആ ഒറ്റ മുറിയില്‍ കഴിച്ചുകൂട്ടിയതിന്റെ വെപ്രാളം ഇന്നും മാറിയിട്ടില്ല. സഹികെട്ട് ഒരുദിവസം മധു പറഞ്ഞു, "അണ്ണാ എനിക്കൊന്നു ബഹളം വക്കണം "
അണ്ണന്‍ അന്തംവിട്ടു മധുവിനെ നോക്കി. പിന്നെ ചിരിച്ചു. "പാവം, ഒരു പുതിയ പ്രവാസിയുടെ ആദ്യത്തെ ആഗ്രഹം " ഇനിയെത്ര കിടക്കുന്നു മകനെ.....
ഇതായിരുന്നോ ആ ചിരിയുടെ അര്‍ത്ഥം. ? ഒരുമാസം കഴിഞ്ഞു അണ്ണന്‍ പറഞ്ഞു, വേഗം റെഡി ആക്, നമുക്ക് അറബിയെ കാണാന്‍ പോകണം. അങ്ങനെ മധു അറബിയുടെ ഓഫീസിലെത്തി. അണ്ണന്‍ അകത്തേക്ക് പോയപ്പോള്‍ മധു പുറത്തിരുന്നു കാഴ്ചകളൊക്കെ കണ്ടു കണ്ണ് തള്ളിയിരുന്നു. " എന്താ ഒരു സെറ്റപ്പ്...!!! " നാട്ടിലായിരുന്നെന്കില്‍ ഇക്കാഴ്ച്ചകളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് വിളംബാമായിരുന്നു.

പണ്ടാരമടങ്ങാന്‍......ഇവിടിതൊക്കെ ആരോട് പറയാന്‍...!!

അങ്ങനെ അറബി ഒരു അസ്സിസ്ടന്റിനോപ്പം വിടുമ്പോള്‍ സ്വപ്നങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു മനസ്സില്‍. ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ വണ്ടി നിന്നു. അസ്സിസ്ടന്റും മധുവും ഇറങ്ങി. "ഇങ്ങേരിതെന്താപ്പ ഒന്നും മിണ്ടാത്തത്..?" അങ്ങനെ ചിന്തിച്ചതുമല്ലാ "ഇധര്‍ ഹേ തുംഹാര ഡ്യൂട്ടി" എന്നുള്ള അങ്ങേരുടെ ശബ്ദം വന്നതും ഒന്നിച്ചായിരുന്നു. മധു നോക്കി, "ങ്‌ഹേ.... ഈ പത്തിരുപതു നിലയുള്ള കെട്ടിടത്തിലോ...? അത്രയും വേണ്ടായിരുന്നു... ങ്ഹാ പിന്നെ ഭാഗ്യം വരുന്ന വഴി ഇങ്ങനെയൊക്കെയാവും....." എന്തായാലും
അണ്ണാ.....അണ്ണന് നന്ദി...! ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ അസ്സിസ്ടന്റിനോപ്പം മധുവും അകത്തേക്ക് കയറി....മുന്നില്‍ വലിയൊരു റിസപ്ഷന്‍ കാബിന്‍, ലിഫ്റ്റ് ...ഒക്കെ കണ്ടു മധു ചിന്തിച്ചു, ഇനി ഓഫീസ് എവിടെയാവും...? തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് പറയുന്ന വീട്ടുകാരെ ഒരു ഓഫീസ് ജോലി കിട്ടിയിട്ട് വേണം നാല് പറയാന്‍.....മധു ഓര്‍ത്തു. പിന്നെ അസിസ്റ്റന്റ് കൊണ്ടുപോയത്, ഇലക്ട്രിസിടി, ടെലിഫോണ്‍ , വാട്ടര്‍, തുടങ്ങിയവയുടെ കണക്ഷന്‍ റൂമിലെക്കാന്. ..കൂടാതെ പിന്നാമ്പുറത്തുള്ള ഒരു കുടുസുമുറിയും കാട്ടിത്തന്നു. പിന്നെ അയാള്‍ ഹിന്ദിയില്‍ തട്ടിവിട്ടതൊക്കെ കേട്ടുനില്‍ക്കുമ്പോള്‍ മനസിലായി, "ഇവിടെ താന്‍ വാച്ചര്‍ ആണ്. "
"അണ്ണാ എന്നാലും എന്നോടിത് വേണ്ടായിരുന്നു......."അസിസ്റ്റന്റ്-ന്റെ ഹിന്ദി പ്രഭാഷണം തുടരുമ്പോള്‍ മധു പ്രാകി .
"നാലുപാടും വലിയ കെട്ടിടങ്ങള്‍ക്ക് നടുവില്‍, ഇരുപത്തിനാല് മണിക്കൂറും വണ്ടികള്‍ തേരാപാരാ പോകുന്നിടത്ത് ഇത്ര വലിയ ഈ ബില്ടിന്ഗ് ആര് കട്ടോണ്ട് പോകാന്‍..." മധുവിന്റെ ചിന്ത അങ്ങനെ മാത്രമേ പോയുള്ളൂ....

പതിയെ ജോലി തുടങ്ങി, വീട്ടുകാരുടെയൊക്കെ ഇലക്ട്രിസിറ്റി, വാട്ടര്‍, ഫോണ്‍ ഇത്യാദി ബില്ലുകളൊക്കെ അടക്കണം, എല്ലാറ്റിന്റെയും സപ്ലേ ശ്രദ്ധിക്കണം, പിന്നെ ഇടയ്ക്കിടെ ബോസ്-ന്റെ ഫയലും താങ്ങി കൂടെ പോകണം. "അണ്ണാ .....അണ്ണനോട് ഞാന്‍ എന്നാ ദ്രോഹം ചെയ്തിട്ടാ ഇവിടൊറ്റക്കിങ്ങനെ എന്നെ പൂട്ടിയത്..."? മധു അണ്ണനോട് ചോദിച്ചു പോയി..അപ്പോഴും അണ്ണന്‍ ചിരിച്ചു.
അങ്ങനെയിരിക്കെയാണ് അതേ ബില്ടിങ്ങില്‍ ഇന്റര്‍നെറ്റ് കഫെ നടത്തുന്ന മലയാളി വിനോദിനെ മധു പരിചയപ്പെടുന്നത്‌. തന്റെ ദുഖന്ഗലൊക്കെ കേട്ട അവന്‍ പറഞ്ഞു, നിനക്കെന്തായാലും ഇവിടെ തൂക്കുകയും, തുടക്കുകയും ഒന്നും വേണ്ടല്ലോ. മിക്ക ബില്ടിന്ഗ്-ലും വച്ച്മാനാ അതും ചെയ്യുന്നത്. "ങ്‌ഹേ തൂക്കാനോ..?ഭാഗ്യം...പണ്ടേ ഈ സോപ്പും ക്ലോറിന്‍ വെള്ളവും ഒക്കെ അലറ്ജിയുള്ളതാ.....മധു ആശ്വസിച്ചു. വിനോദിനോട്‌
സംസാരിച്ചു വന്നപ്പോഴാണ് അവിടെ അവനൊരു നടത്തിപ്പുകാരന്‍ മാത്രമാ- ണെന്നറിയുന്നത്. അങ്ങനെ മധു അവിടെ സ്ഥിരം കസ്റ്റമര്‍ ആയി. ഡല്‍ഹിയില്‍ തെണ്ടിതിരിഞ്ഞു നടന്നപ്പോള്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയത് നന്നായി. മധു ഓര്‍ത്തു..
വിനോദാണ് ഓര്‍ക്കുട്ട് പരിചയപ്പെടുത്തി തന്നത്. "ഹോ പഴയ ഫ്രണ്ട്സ്-നെയൊക്കെ തപ്പിപിടിക്കണം. ചില ബന്ധുക്കളെയും.
കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു. പത്തുനാല്പതു പേരെ കിട്ടി.
എന്തായിരുന്നു സന്തോഷം ! പതുക്കെ പതുക്കെ ആര്‍ക്കും ആദ്യം കണ്ടതിന്റെ സന്തോഷമൊന്നും പിന്നീടില്ലെന്നായി. അത്യാവശ്യം ഹായ്, ഹെലോ. ... അത്ര തന്നെ. "എന്തരെടെ ഇത്...." മധു വിനോദിനോട്‌ ചോദിച്ചു.
"എടാ എല്ലാരും നിന്നെപോലെ ആവണമെന്നില്ല. തിരക്കുകളുണ്ടാവും. അല്ലെങ്കില്‍ പുതിയ ഫ്രെണ്ട്സ് ഒക്കെ കാണും. " വിനോദ് പറഞ്ഞു.
അങ്ങനെ നിരാശയും വേദനയും ഹൃദയത്തില്‍ നിറച്ചു ദിവസങ്ങള്‍ നീക്കി. അപ്പോഴാണ്‌ വിനോദ് വീണ്ടും ആശ്വാസദൂതനായെത്തിയത്. "എടേ നിനക്ക് പുതിയൊരു സംഗതി കാട്ടിത്തരാം." അവന്‍ "കൂട്ടം" എന്നാ സൈറ്റ് തുറന്നു. ശ്രദ്ധയോടെ അവന്‍ എല്ലാം നോക്കി.
ഇത് കൊള്ളാം. പരിചയമുള്ള ആരുമില്ല. ആരോടും സംസാരിക്കാം.
മധു അരയുംതലയും മുറുക്കി കമ്പ്യൂട്ടര്‍-നു മുന്നിലിരുന്നു. ആദ്യം തന്നെ പെണ്‍കുട്ടികളെ മാത്രം തപ്പിപിടിച്ച് ഫ്രെണ്ട്സ് ആക്കി. ചിലരൊക്കെ മുഖത്തടിച്ച പോലെ "ignore" ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതും ബോറായി." ഇവളുമാര്‍ക്കൊക്കെ എന്താ ഒരു ജാഡ....." പോകാന്‍ പറ പുല്ല്......പതിയെ ബ്ലോഗുകളിലെക്കായി ശ്രദ്ധ. വലിയ വായനാശീലമോ, എഴുത്തോ ഇല്ലാത്ത താന്‍ ഇതൊക്കെ വായിക്കുന്നതില്‍ അവനോരഭിമാനമൊക്കെ തോന്നി. "ചിലതൊക്കെ കടിച്ചാല്‍ പൊട്ടാത്ത സാഹിത്യം, ചിലത് പ്രവാസ ദുഃഖം, ചിലത് നല്ല കിടുക്കന്‍ തമാശ...."
വായിച്ചു വായിച്ചു മധുവിന് തോന്നി, തനിക്കും എഴുതിക്കൂടെ... ?
പക്ഷെ.....എങ്ങനെയെഴുതാന്‍... ? ഒരുവരി സാഹിത്യം അറിയില്ല, എഴുത്തിന്റെ രീതി അറിയില്ല. എന്തായാലും തട്ടിക്കൂട്ടിയിട്ടു തന്നെ കാര്യം . ഒന്നുമല്ലേലും ഈ വാച്ചര്‍ എന്ന് പറയുന്നതിലും "ബ്ലോഗര്‍" എന്ന് പറയുന്നതിനോരന്തസ്സോക്കെയുണ്ട്‌.
എന്നാലും എന്തെഴുതും....മധുവിന്റെ മനസ് ഭൂതകാലത്തിലൂടെ ഊളിയിട്ടു. ഓര്‍മ്മകള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അവനു ചിരി വന്നു....

അന്ന് ചേച്ചിക്കൊപ്പമായിരുന്നു താമസം. ഒരു ജോലി തരപ്പെടുത്താന്‍ തന്നെ ഇറങ്ങിത്തിരിച്ചതാണ്.
ഒരു ദിവസം ഹിന്ദിയുടെ " aa, aaa, ee, eee അറിയാത്ത തന്നോടു ചേച്ചി പറഞ്ഞു "ഡാ ഒരുകിലോ ആലു ( ഉരുളക്കിഴങ്ങ് ) വാങ്ങി കൊണ്ട് വാ". നീ "ഏക് കിലോ ആലു" എന്ന് പറഞ്ഞാല്‍ മതി. പത്തുരൂപയും തന്നു ചേച്ചി പറഞ്ഞു. മധുവിന് തന്നോടു തന്നെ പുച്ഛം തോന്നി. ഇവിട്ത്തെ ലോക്ലാസ് സൈക്കിള്‍ റിക്ഷാക്കാരന് വരെ ഹിന്ദി അറിയാം. പ്രീഡിഗ്രീക്കാരനായ തനിക്കതുപൊലുമറിയില്ലല്ലോ ദൈവമേ...ഈ വക ചിന്തകളുമായി മധു കടയിലെത്തി. വില ചോദിക്കാം, ചേച്ചി സാധാരണ അതാണ്‌ ആദ്യം ചോദിക്കുക. അതോര്‍ത്തു കാച്ചി. ...."ആലു കൈസേ ദേരെ"

കടക്കാരന്‍: " ഡേഡ് റുപയെ "
മധു ഞെട്ടി. " ഡേഡോ...? ഇതെന്തൊരു വില ?

അങ്ങനെയൊരു രൂപ ഉള്ളതായി ജീവിതത്തില്‍ കേട്ടിട്ടില്ല.
മിണ്ടാതെ അവിടെനിന്നിറങ്ങി. രണ്ടു മൂന്നു കടയില്‍ ചോദിച്ചു.
അവിടെയും "ഡേഡ്". വീണ്ടും നടന്നു. അത്യാവശ്യം കണ്ടാല്‍ തരക്കേടില്ലാത്ത ഒരു കടയില്‍ കയറി, ഒരിക്കലും കണ്ടിട്ടില്ലാത്ത പഴങ്ങള്‍, പച്ചക്കറികള്‍... എല്ലാം ഭംഗിയായി വലയൊക്കെയിട്ടു പൊതിഞ്ഞു വച്ചിരിക്കുന്നു. ങ്ഹാ... കടയായാല്‍ ഇങ്ങനെ വേണം. ആത്മഗതത്തോടെ മധു ചോദിച്ചു.

ആലു കൈസേ ദേരെ ?
തീന്‍ റുപയെ കിലോ..... കൊള്ളാം ഇതാണ് വില...! മാന്യമായി പറഞ്ഞത് കേട്ടില്ലേ..." തീന്‍" എന്ന്. മധു സന്തോഷത്തോടെ ആലു വാങ്ങി വീട്ടിലെത്തി. ബാക്കി ഏഴു രൂപ ചേച്ചിക്കും കൊടുത്തു. "ഡാ മൂന്നു രൂപായോ ഇതിനു.. "? പിന്നല്ലാതെ....കുറെ കടയില്‍ ചോദിച്ചു, അവിടെല്ലാം ഡേഡ് രുപയ.... ആ രൂപ തന്നില്ലല്ലോ..? ഉവ്വോ..? ചേച്ചി തലയില്‍ കൈ വച്ച് നിന്ന നില്പ് ഇന്നും ഓര്‍മ്മയുണ്ട്. പിന്നെയാണറിഞ്ഞത് ഈ ഡേഡ് - വെറും ഒന്നര രൂപയായിരുന്നു എന്ന്. ....
അങ്ങനെയിരിക്കെ ചൌവ്വരി വാങ്ങാനും ഹിന്ദി അറിയാത്ത തന്നെത്തന്നെ വിട്ടു ഭയങ്കരി ചേച്ചി. " ഡാ സാബുദ്ദാന എന്ന് പറയണം കേട്ടോ " ശരി. വഴിയെ ആപേര് പറഞ്ഞു പറഞ്ഞു പറഞ്ഞാണ് പോയത്. പോകുന്ന വഴിക്കാണ് അപ്രതീക്ഷിതമായി ജോയിച്ചായനെ കാണുന്നത്, നാട്ടു വിശേഷം പറഞ്ഞു നിന്ന് സമയം പോയത് അറിഞ്ഞില്ല. വേഗം കടയിലെത്താനായിരുന്നു പിന്നെ ധൃതി. കടയിലെത്തിയപ്പോഴാണ് സാധനത്തിന്റെ പേരു മറന്നു പോയതറിയുന്നത്.
രണ്ടും കല്പിച്ചു മധു ചോദിച്ചു.
"ചൌവ്വരി ഹേ ?" " ഹാംജി ഹാംജി ആയിയെ ആയിയെ, ബൈഠിയേ " വിനയപൂര്‍വ്വം കടയില് നിന്നിരുന്ന ആള്‍ അകത്തേക്ക് ക്ഷണിച്ചു നല്ലൊരു കസേരയുംതന്നിരുത്തി."അഭി ആയേംഗെ ജി" ഈശ്വരാ വെറുമൊരു ചൌവരി വാങ്ങാന്‍ വന്ന തനിക്കിത്ര വലിയ സ്വീകരണമോ ...? മധു അമ്പരന്നു. അല്പം കഴിഞ്ഞു ആജാനുബാഹുവായ ഒരാള്‍ ഇറങ്ങി വന്നു.
"ഹാംജി ബോലിയെ ....മേ ഹും ചൌധരി ..."ക്യാ ബാത്ത് ഹേ ? മധു ഞെട്ടലോടെ കാര്യം മനസിലാക്കി. പിന്നെ ഒരുവിധം അറിയാവുന്ന ഹിന്ദിയിലും, സാധനങ്ങള്‍ പരിശോധിച്ച് തൊട്ടു കാണിച്ചുമാണ് ചൌവരിയുമായി വീട്ടിലെത്തിയത്...

രണ്ടു മാസം കൂടി കഴിഞ്ഞു കാണും, അത്യാവശ്യം വഴിയും, ബസും ഒക്കെ മനസിലായിതുടങ്ങി. ഒരു ഫ്രെണ്ടിനെ കാണാനിറങ്ങിയതാണ് ബസു നോക്കി നില്‍ക്കുമ്പോള്‍ ഒരു സര്‍ദാര്‍ജി ചോദിച്ചു, "ടൈം കിതനാ ഹുവാ...?" വാച്ചില്‍ നോക്കി. "പന്ത്രണ്ടെമുക്കാല്‍" ഈശ്വരാ........ഏക് ദോ തീന്‍ മാത്രമറിയാവുന്ന താനെങ്ങനെ ഈ സമയം പറഞ്ഞൊപ്പിക്കും...? കേള്‍ക്കാത്തമട്ടില്‍ പിന്നിലേക്കു വലിയാന്‍ നോക്കിയിട്ടും സര്‍ദാര്‍ജി വിട്ടില്ല. ഒടുവില്‍ രണ്ടും കല്പിച്ചു പറഞ്ഞു. "ബാരഹ്" (പന്ത്രണ്ടു) കുറേസമയം കൂടി സര്‍ദാര്‍ജി അവിടെ തന്നെ കറങ്ങി നില്‍ക്കുന്നത് കണ്ടു.. തന്റെ ബസൊട്ടു വരുന്നതുമില്ല. കുറെ കഴിഞ്ഞു ഹിന്ദിയില്‍ എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്. അതേ സര്‍ദാര്‍ജി. വേരെയാരോടോ സമയം ചോദിച്ചിട്ട് വന്നതാണ്. താന്‍ പറ്റിച്ചതാണെന്ന് കരുതി ചീത്ത വിളിക്കുകയാണ്‌. "മദ്രാസി, മദ്രാസി" എന്ന് മാത്രമല്ലാതെ അദ്ദേഹം പറഞ്ഞതില്‍ ഒരു വാക്ക് പോലും തനിക്കു മനസിലാകാഞ്ഞതും ഭാഗ്യം.....
ഈ സംഭവമെല്ലാം നല്ല കോമഡി-യില്‍ ചാലിച്ച്, തിരുവന്തോരം ഭാഷയില്‍ മധു തട്ടി. രണ്ടു മൂന്നു ദിവസം കഴിഞ്ഞു ആകാംഷയോടെ തന്റെ പേജ് നോക്കിയ മധു വീണ്ടും ഞെട്ടി. "ഒരുപാട് കമന്റ്സ്...!!
"ഗുഡ്.....വീണ്ടും എഴുതുക.... "
ഇനിയും ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു. "
ആകെയുണ്ടായിരുന്ന ചില സംഭവങ്ങളാണ്. മധു ദയനീയമായി വിനോദിനെ നോക്കി. " എന്തരെടെ ഇത്...? യെവന്മാര്‍ക്ക് വേണ്ടി ഇനീം ഞാനെന്തോന്നെഴുതാന്‍.....? "ദൈവമേ....വാച്ചറായ താന്‍ ബ്ലോഗെരാകാന്‍ പോയതിന്റെ വിന....!!!!!
മധു "കൂട്ടം" തെറ്റിയ കുഞ്ഞാടിനെ പോലെ അന്തംവിട്ടു നിന്നു...!!!

Tuesday, January 04, 2011

യാത്രാമൊഴിയോടെ....

ഓര്‍മ്മതന്‍ കണ്ണുനീര്‍ പൂക്കളുമായി
ഫെബ്രുവരി മായുന്നു മെല്ലെ മെല്ലെ
ഇതു വിട പറയും കാലം
ബന്ധവും ബന്ധനവുമിഴമുറിയും കാലം

വിരഹത്തിന്‍ നൊമ്പരപ്പാടുമായിനി
യാത്രാമൊഴി ചൊല്ലേണ്ട നേരമെത്തി
നിറയുന്ന കണ്ണുകള്‍ പരസ്പരം ചോദിപ്പൂ
എന്നിനിക്കാണും നമ്മളെന്നുമാത്രം

ഒരിറ്റു കണ്ണീര്‍തുള്ളിയുമായി
കാത്തിരുന്ന് ഞാന്‍ നിന്നെ മാത്രം
നിന്‍റെ വേര്‍പാടെന്നെ ഭയപ്പെടുത്തുന്നു
ഇനിയൊരു തണല്‍മരമെനിക്കെത്രയന്യം

ഒരു മഞ്ഞുകാലം കൊഴിഞ്ഞു വീണു
വേനലിന്‍ യവനിക ചുരുള്‍ നിവര്‍ത്തു
ഒരിറ്റു ദാഹജലത്തിനായ് ഞാനിനി -
യണയേണ്ടതെവിടെയെന്നോതുമോ നീ.....

ആശ്വാസനിശ്വാസതിന്നന്ത്യമെന്നും
അര്‍പിച്ചിരുന്നു ഞാന്‍ നിന്നില്‍ മാത്രം
അരുതെന്ന് വായുവില്‍ ചലിക്കും കരങ്ങള്‍
അതെന്‍റെയോ നിന്‍റെയോ വിധിയുടെതോ..

കലഹ കാഹളം പരസ്പരം മുഴക്കി നാം
പാരസ്പര്യതിലതിനന്ത്യം കുറിച്ചു നാം
നിനക്കെന്നുമാശ്വാസമിനിയിവിടെയാവും
അന്തരാത്മവന്നെന്നോട് മന്ത്രിച്ചു

മോഹഭംഗത്തില്‍ സാന്ത്വനമേകിയും
വിധിതന്‍ കേളിയിലാശ്വാസമേകിയും പിന്നെ -
ശാസനയുമുപദേശ വചസുമായ് നീ
മുന്നോട്ടു നയിച്ചതുമെന്തിനായിരുന്നു ...?

സ്വാര്‍ത്ഥ മോഹമാം മുഖപടമില്ലാതെയെന്‍
ജീവിത നൌകയേറിയോരെക വ്യക്തി നീ
വിശുദ്ധി തന്‍ ചങ്ങല പൊട്ടിചെറിയാതെ
യെന്‍ സഹചാരിയായോരേക   വ്യക്തി നീ

നിന്‍റെ കാലൊച്ചകളിനിയന്യമാവുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കന്ത്യം കുറിക്കുന്നു
ഇഷ്ടമനസേതുമില്ലെന്നാകിലും
ദേശാടനപക്ഷി ഞാന്‍ യാത്രയാവുന്നു

ഉപ്പുരസം തീരെ വറ്റിയോരെന്റെ
കണ്ണീരിന്‍ വ്യര്‍ഥത നീയറിയുന്നുവോ...?
ജീവിതമാകെയോരെന്കിലും പക്ഷേയുമായ്
തുടരുമീ വ്യര്‍ഥത നീയറിയുന്നുവോ..?

അനിശ്ചിതത്വത്ത്തിന്‍ കേദാരമൊന്നില്‍
ഒരു കയ്‌തിരി കാത്തിരിപ്പു ഞാന്‍
യാമീരമാമീയനന്തതയ്ക്കു മദ്ധ്യേ
ഒരു കൊച്ചു താരകം തേടുന്നു ഞാന്‍

ജീവിത പാതതന്‍ കല്ലിലും മുള്ളിലും
തേടിയലഞ്ഞൊരു മുത്തായിരുന്നു നീ
എത്രയോ കാതമകലെയെങ്കിലും നിന്‍
വചസുകള്‍ മാത്രമെന്‍ ജീവാമൃതം

നിന്നെ ഞാന്‍ പിരിയുവതെങ്ങിനെ
അതിലേറെയും മറക്കുവതെങ്ങിനെ
പരസ്പരമെഴുതിചേര്‍ത്ത വരികളിനി-
യോരോര്‍മ്മക്കുറിപ്പായി ഞാനെടുത്തോട്ടെ....?       
 
Copyright (c) 2010 Laurus Cassia and Powered by Justin James.